ഇത് നിര്‍മ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

                      ഇടുക്കി ജില്ലയിലെ ഇടുക്കി (പഴയ ഉടുമ്പന്‍ചോല) താലൂക്കില്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കാഞ്ചിയാര്‍ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്. 64.65 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളും, തെക്കുഭാഗത്ത് അയ്യപ്പന്‍കോവില്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് കട്ടപ്പന മുന്‍സിപ്പാലിറ്റി, വണ്ടന്‍മേട്, ചക്കുപള്ളം ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഉപ്പുതറ പഞ്ചായത്തുമാണ്. 30/07/1977-ല്‍ അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് വിഭജിച്ചാണ് കാഞ്ചിയാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. കിഴക്കാംതൂക്കായ മലകളും കുന്നുകളും നിറഞ്ഞ കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 12% സ്വാഭാവിക വനവും, പ്ലാന്റേഷനും ചേര്‍ന്നുള്ള പ്രദേശമാണ്. ഇതില്‍ സ്വാഭാവികവനം ഇലപൊഴിയും കാടുകളാണ്. ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തോടെ ഈ പ്രദേശത്തുണ്ടായിരുന്ന 2080 ഏക്കറോളം വരുന്ന സ്വാഭാവിക വനം വെള്ളത്തിനടിയിലായി. തേക്ക്, ഈട്ടി, വെണ്‍തേക്ക്, ആഞ്ഞിലി, മരുതി, വേങ്ങ, പുന്നപ്പ തുടങ്ങിയ വളരെ വിലപിടിപ്പുള്ള മരങ്ങള്‍ ഈ വനത്തില്‍ കാണപ്പെടുന്നു. ഈ വനങ്ങളില്‍ ആന, കാട്ടുപന്നി, കാട്ടുപോത്ത്, മ്ളാവ്, കേഴ, മുളളന്‍പന്നി, കൂരന്‍, മുയല്‍, കുറുക്കന്‍, മരപ്പട്ടി, വെരുക്, പാറയാന്‍, കുരങ്ങ് മുതലായ വന്യമൃഗങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. പരുന്ത്, മൈന, തത്ത, കുയില്‍, കാട്ടുകോഴി, മാടത്ത, വേഴാമ്പല്‍, വിവിധയിനം പ്രാവുകള്‍, കടവാവലുകള്‍ നാല്പതോളം ഇനത്തില്‍പ്പെട്ട കുരുവികള്‍ എന്നിവ  ഈ പ്രദേശത്തെ വനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഹൈറേഞ്ചിലെ പഴക്കം ചെന്ന കുടിയേറ്റ ഗ്രാമങ്ങളിലൊന്നാണ് കാഞ്ചിയാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആദിവാസി ജീവിതവും കുടിയേറ്റ കര്‍ഷകരുടെ അരനൂറ്റാണ്ടുകാലത്തെ ജീവിത സമരങ്ങളും കൂടിച്ചേര്‍ന്നതാണ് കാഞ്ചിയാറിന്റെ പ്രാദേശിക ചരിത്രം.